ഓരോ സിനിമകളിലൂടെയും തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ആസിഫ് അലി. ഇന്ന് മലയാള സിനിമാപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള യുവതാരമായി മാറി ആസിഫ് അലി. സർക്കീട്ട് എന്ന ചിത്രമാണ് ആസിഫിന്റേതായി തിയറ്ററുകളിൽ അവസാനമായി എത്തിയത്. 1001 നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സർക്കീട്ട്. ആസിഫ് അലി, ദീപക് പറമ്പോൽ, ദിവ്യ പ്രഭ, ഓർഹാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
ഇപ്പോൾ സർക്കീട്ട് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് താരം. 1001 നുണകൾ കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര ഇഷ്ടമായെന്ന് ആസിഫ് പറയുന്നു. "താമറിന്റെ 1001 നുണകൾ ഒടിടിയിൽ പ്രദർശനത്തിനെത്തിയപ്പോഴാണ് കണ്ടത്. കഥയെന്താണെന്നോ സംവിധായകൻ ആരാണെന്നോ എന്നൊന്നും അറിയാതെയാണ് ആ സിനിമ കണ്ടത്. കണ്ടു കഴിഞ്ഞപ്പോൾ ഭയങ്കര ഇഷ്ടമായി. ഓരോ രംഗവും ആസ്വദിച്ചാണ് കണ്ടത്. സിനിമയെ കുറിച്ച് പറയാൻ ഇൻസ്റ്റഗ്രാം വഴി നമ്പർ തേടിപ്പിടിച്ചാണ് താമറിനെ വിളിക്കുന്നത്. പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ എനിക്ക് പറ്റിയ എന്തെങ്കിലും കഥകളുണ്ടെങ്കിൽ നമുക്ക് ഒന്നിച്ചൊരു സിനിമ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. അങ്ങനെ ചെയ്ത് സിനിമയാണ് സർക്കീട്ട്." - സ്റ്റാർ ആന്റ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.