
ആസിഫ് അലി നായകനായെത്തിയ, ജോഫിൻ ടി ചാക്കോയുടെ "രേഖാചിത്രം" സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്(Asif Ali Film). രാമു സുനിലിന്‍റെയും ജോൺ മന്ത്രിക്കലിൻ്റെയും തിരക്കഥയിലെത്തിയ ചിത്രം മിസ്റ്ററിൽ ത്രില്ലർ വിഭാഗത്തിലുള്ളതാണ്. എന്നാൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ഒരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്.
സിനിമയിൽ രണ്ട് ഷോട്ടുള്ള ഒരു സീനിൽ, അഭിനയിച്ച സുലേഖ എന്ന നടിയെ ആസിഫ് അലി അഭിനന്ദിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ എഡിറ്റിങ്ങ് സമയത്ത് ആ ഷോട്ടുകൾ കട്ട് ചെയ്‌യേണ്ടതായി വന്നു. ഇത് അറിയാതെ ബന്ധുക്കളോടൊപ്പം സിനിമ കാണാൻ തീയറ്ററിൽ എത്തിയ സുലേഖ സത്യാവസ്ഥ തിരിച്ചറിഞ്ഞ് സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞു. എന്നാൽ ഇതേ തിയറ്ററിൽ സിനിമ കാണാനെത്തിയ ആസിഫ് അലി, സുലേഖയെ കണ്ട് ക്ഷമ ചോദിക്കുകയാണ്.
"സോറി, പറ്റിപ്പോയി… നമ്മൾ ഒരുമിച്ച് അഭിനയിച്ച സീനിൽ ചേച്ചി എന്ത് രസമായാണ് ചെയ്തിരിക്കുന്നത്. ചില സിനിമകളിൽ നമുക്ക് ലെങ്ത് പ്രശ്നം വരുമല്ലോ. നമുക്ക് എല്ലാവർക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. ഇനി അങ്ങനെ ചെയ്യരുത്. ചേച്ചിയുടെ നല്ല രസമുള്ള ഹ്യൂമർ സീനായിരുന്നു" – ആസിഫ് അലി സമാധാനിപ്പിച്ചു.
മികച്ച പ്രതികരണത്തോടെയാണ് ചിത്രം ജന മനസുകൾ കീഴടക്കി മുന്നേറുന്നത്. മലയാളത്തിലെ ആദ്യത്തെ തിയേറ്റർ ഇടവേളയില്ലാത്ത ചിത്രം കൂടിയാണ് "രേഖ ചിത്രം."