
മുംബൈ: സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ആഗസ്റ്റ് 19 ന് പ്രഖ്യാപിക്കും. മുംബൈയിൽ വച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുക്കുക. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിലൂടെ ടീമിനെ പ്രഖ്യാപിക്കും. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലായിരിക്കും ഇന്ത്യ കളത്തിൽ ഇറങ്ങുക. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ, അഭിഷേക് ശർമ്മയ്ക്കൊപ്പം ശുഭ്മാൻ ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിക്കുകയാണെങ്കിൽ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകളെ അത് ബാധിക്കും. അതേസമയം, സഞ്ജു ടീമിൽ എത്തി, അദ്ദേഹത്തെ ഒന്നാം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്താൽ ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ എന്നിവരിൽ നിന്ന് ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും. എന്നാൽ, ഇംഗ്ലണ്ടിലെ നീണ്ട ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമെത്തുന്ന ഗില്ലിന് വിശ്രമം നൽകണമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇംഗ്ലണ്ടിനെതിരായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ മൂന്നിൽ മാത്രം കളത്തിൽ ഇറങ്ങിയ പേസർ ജസ്പ്രിത് ബുമ്ര ഏഷ്യ കപ്പിൽ പന്തെറിയുമെന്നാണ് വിവരം.
അതേസമയം, ഓപ്പണറായ യശസ്വി ജയ്സ്വാളും, മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരും ഇത്തവണത്തെ ഏഷ്യ കപ്പ് സ്‌ക്വാഡിലേക്കുള്ള പട്ടികയിൽ ഇല്ലെന്നാണ് റിപ്പോർട്ട്. സെലക്ടര്‍മാര്‍ യശസ്വിയോട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
2025 ഏഷ്യ കപ്പിന്റെ ഉദ്ഘാടന മത്സരം സെപ്റ്റംബർ 9 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 10ന് ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇന്ത്യ- പാകിസ്ഥാൻ സൂപ്പർ പോരാട്ടം സെപ്റ്റംബർ 14 ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.