
ബിഗ് ബോസ് ഹൗസിൽ ആര്യന് പ്രത്യേക പരിഗണനയെന്ന് ആരോപണം. ടാസ്കുകൾക്കിടെ ആര്യൻ ചെയ്യുന്ന കള്ളത്തരങ്ങൾ ബിഗ് ബോസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരാധകർ ആരോപിക്കുന്നത്. ആര്യനെ ജയിപ്പിക്കാനുള്ള ശ്രമമാണ് ബിഗ് ബോസ് നടത്തുന്നതെന്നും ആരാധകർ ആരോപിക്കുന്നു.
സ്ക്രാച്ച് ആൻഡ് വിൻ ടാസ്കിൽ ആര്യൻ കാർഡുകൾ ഒളിപ്പിച്ചത് ബിഗ് ബോസ് പിടികൂടിയിരുന്നു. ലിവിങ് റൂമിൽ വച്ച് തന്നെ കള്ളി വെളിച്ചത്താവുകയും ആര്യൻ ഈ കാർഡുകൾ ചുരണ്ടി പണി വാങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യം കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ചോദിച്ചു. ഇതിനിടെ ‘ഒരു കാർഡ് ഒരാൾ ഒളിപ്പിച്ചിട്ടുണ്ട്, അത് ആരാണ്?’ എന്ന് മോഹൻലാൽ ചോദിച്ചു. ഇത് സമ്മതിക്കാൻ ആരും തയ്യാറായില്ല. പിന്നീട് ഒളിപ്പിച്ചുവച്ച ഈ കാർഡ് കണ്ടുപിടിച്ചാൽ പണികൾ ഒഴിവാക്കാമെന്ന് മോഹൻലാൽ പറയുന്നു. ഇതനുസരിച്ച് മത്സരാർത്ഥികൾ വീട് മുഴുവൻ പരതിയെങ്കിലും കാർഡ് കിട്ടിയില്ല. എങ്കിലും മോഹൻലാൽ പണി ഒഴിവാക്കിക്കൊടുത്തു.
മോഹൻലാൽ പറഞ്ഞ ഈ കാർഡ് ഒളിപ്പിച്ചത് ആര്യനാണെന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്. ആര്യൻ കാർഡ് ഒളിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന പേരിൽ 24*7 ലൈവിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇങ്ങനെ ഒളിപ്പിച്ച കാർഡുകൾ ബിഗ് ബോസ് പറഞ്ഞ സമയത്ത് തന്നെ ആര്യൻ സമ്മതിച്ചു എന്ന മറുവാദവും ഉണ്ട്.
ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാമത്തെ ടാസ്കായ 'കച്ചിത്തുരുമ്പ്' ടാസ്കിൽ ആര്യൻ ഇടയ്ക്ക് കൈവിട്ടതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മഴ പെയ്തപ്പോൾ ബാറ്ററി ഊരാനെന്ന വ്യാജേന നേരത്തെ ആര്യൻ കൈമാറ്റിയെന്നും അത് ബിഗ് ബോസ് വെറുതെവിട്ടു എന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ, അതുപോലെ സാബുമാൻ കൈവിട്ടപ്പോൾ സാബുമാനെ ടാസ്കിൽ നിന്ന് പുറത്താക്കിയെന്നും പ്രേക്ഷകർ ആരോപിക്കുന്നു.