കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് 'ചത്ത പച്ച'. ഒരാൾ രണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ അർത്ഥമാക്കുന്നത്. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കഥയ്ക്ക് ഈ ചൊല്ലുമായി ഏറെ ബന്ധമുണ്ട്. ജൂൺ പത്തിന് ചെല്ലാനം മാലാഖപ്പടിയിൽ അസ്മിനാ ഷിഹാൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ചത്ത പച്ചയുടെ ചിത്രീകരണം ആരംഭിച്ചു. ലെൻസ് മാൻ ഷൗക്കത്ത് സ്വിച്ചോൺ കർമ്മവും റിതേഷ് എസ്. രാമകൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി. സിദ്ധിഖ്, മനോജ് കെ ജയൻ, വിജയ് ബാബു, (ഫ്രൈഡേ ഫിലിംസ്) സാബു ചെറിയാൻ, ഛായാഗ്രാഹകൻ ഗിരീഷ്ഗംഗാധരൻ. നിർമ്മാതാവ് ജോബി ജോർജ്ജ്, പ്രമോദ് പപ്പൻ, ഗായകൻ അഫ്സൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നടന്നത്.
WWE എന്ന പേരിൽ അമേരിക്കയിലും മറ്റും നടന്നു വരുന്ന അണ്ടർ ഗ്രൗണ്ട് റെസ് ലിൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്നു അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറുകളിൽ രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ്.എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. യൂത്തിൻ്റെ ഇടയിൽ ഏറെ സ്വാധീനം നേടിയിട്ടുള്ള അണ്ടർ ഗ്രൗണ്ട് റസ്‌ലിൻ പശ്ചാത്തലത്തിലുള്ള ഈ ചിത്രം പൂർണ്ണമായും, ആക്ഷൻ ത്രില്ലർ, ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്. കൂടാതെ ഹ്യൂമറിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട്.
യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ക്ലീൻ എൻ്റർടൈനറായിരിക്കും ചിത്രമെന്നാണ് സൂചന. പ്രണയവും, ഇമോഷനുമൊക്കെ അകമ്പടിയായിട്ടുണ്ട്. കൊച്ചിയിൽ ചെറുപ്പക്കാരായ മൂന്നു സഹോദരങ്ങൾ ഒരു റെസ് ലിൻ ക്ലബ്ബ് തുടങ്ങുന്നതും അതിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.