നടി ഷെഫാലി ജാരിവാലയുടെ മരണത്തിനു പിന്നിൽ യുവത്വം നിലനിർത്താനുള്ള മരുന്നുകൾ? | Shefali Jariwala

ഷെഫാലി 8 വർഷത്തോളമായി യുവത്വം നിലനിർത്താനുള്ള മരുന്ന് ഉപയോഗിക്കുന്നുണ്ട്
Shefali
Published on

നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജാരിവാല (42)യുടെ മരണത്തിന്റെ കാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സാ മരുന്നിന്റെ ഉപയോഗമെന്ന് സൂചന. കഴിഞ്ഞ ദിവസം ഫൊറൻസിക് സംഘം നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ഡോക്ടർ തുടങ്ങി എട്ടുപേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഷെഫാലി എട്ടു വർഷത്തോളമായി യുവത്വം നിലനിർത്താനുള്ള മരുന്ന് ഉപയോഗിക്കുന്നുണ്ട്. വർഷങ്ങൾക്കു മുൻപാണ് ഈ മരുന്ന് ഷെഫാലിക്ക് ഒരു ഡോക്ടർ നിർദേശിച്ചത്. അന്നു മുതൽ എല്ലാ മാസവും ഷെഫാലി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടായിരുന്നു. 27ന് വീട്ടിൽ പൂജയുണ്ടായിരുന്നതിനാൽ ഷെഫാലി ഉപവാസത്തിലായിരുന്നു. എങ്കിലും അന്ന് ഉച്ചയ്‌ക്കു ശേഷം ഈ മരുന്ന് കുത്തിവയ്പ്പു നടത്തി. അന്ന് രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യം പെട്ടെന്ന് മോശമായത്. ആദ്യം ശരീരം വിറയ്‌ക്കാൻ തുടങ്ങി, പിന്നാലെ കുഴഞ്ഞുവീണു. ആ സമയം വീട്ടിൽ ഭർത്താവ് പരാഗ് ത്യാഗി, അമ്മ തുടങ്ങിയവരുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ യുവത്വം നിലനിർത്താനുള്ള മരുന്നിന്റെ ഉപയോഗമാകാം ഹൃദയാഘാതമുണ്ടാകാനുള്ള കാരണമെന്നാണ് നിഗമനം." - അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

2002ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്തതോടെ പ്രശസ്തയായി. ബിഗ് ബോസ് 13–ാം സീസണിൽ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ ബന്ധം പിരിഞ്ഞു. 2015ലാണു പരാഗ് ത്യാഗിയുമായുള്ള വിവാഹം നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com