ചിലമ്പരശൻ- വെട്രിമാരൻ ചിത്രം 'അരസൻ' ചിത്രീകരണം തുടങ്ങി | Arasan
വെട്രിമാരൻ-സിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'അരസൻ'. വടചെന്നൈ യൂണിവേഴ്‌സിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ.
ആടുകളം, വടചെന്നൈ, അസുരൻ, വിസാരണൈ, വിടുതലൈ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വെട്രിമാരൻ, സിമ്പുവിനെ നായകനാക്കി ചിത്രമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ പ്രേക്ഷകർ.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വെണ്ടു തനിന്തതു കാട്’ (2022) എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, വെട്രിമാരൻറെ റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ എസ്.ടി.ആറിൻറെ വരവ് ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിൻറെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

