
ധ്രുവ് വിക്രം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബൈസണി’ലെ ഗാനം ശ്രദ്ധ നേടുന്നു. ‘തെന്നാട്’ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാരി സെൽവരാജിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നിവാസ്.കെ.പ്രസന്നയാണ്. സത്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ധ്രുവ് വിക്രത്തിനൊപ്പം അനുപമ പരമേശ്വരനും രജിഷ വിജയനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൽ ധ്രുവിന്റെ നായികയായി അനുപമയാണ് എത്തുന്നതെന്നാണ് വിവരം. സാധാരണ കർഷകരുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ തനി നാടൻ വേഷത്തിലാണ് എല്ലാവരും എത്തുന്നത്. വേദനയും പ്രത്യാശയും നിറഞ്ഞതാണ് ഗാനം.
മലയാളത്തില്‍ നിന്ന് രജിഷയും അനുപയും കൂടാതെ ലാലും ഈ സിനിമയിൽ പ്രധാന വേഷത്തില്‍ എത്തുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് പാ രഞ്ജിത്ത് ആണ്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിൽ ചിത്രീകരിക്കുന്ന സിനിമ പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.