
മോഹൻലാലിൻറെ മകൾ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. വിസ്മയയുടെ അരങ്ങേറ്റ സിനിമയുടെ പേര് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. 'തുടക്കം' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണിത്.
“പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്നേഹബന്ധമായി മാറട്ടെ”, തുടക്കത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മോഹന്‍ലാല്‍ ചിത്രം തുടരും നേടിയ വന്‍ വിജയത്തിന് പിന്നാലെ മകളുടെ സിനിമാ അരങ്ങേറ്റ ചിത്രത്തിന്‍റെ പേര് തുടക്കം എന്നായതും കൗതുകമാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ചുവടുറപ്പിച്ചിരുന്നു. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.