
മംഗലാപുരം: കാന്താര ചാപ്റ്റര്‍ 1 ഷൂട്ടിങ്ങിനിടെ വീണ്ടും ദുരന്തവാർത്ത. നടനും സംവിധായകനുമായ റിഷഭ് ഷെട്ടി അപകടത്തിൽ നിന്നും തലനാരിടയ്ക്ക് രക്ഷപ്പെട്ടു. ഷെട്ടിയും 30 ക്രൂ അംഗങ്ങളും സഞ്ചരിച്ച ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. ഋഷഭ് ഷെട്ടിയും സിനിമാ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. റിസര്‍വോയറിന്റെ ആഴം കുറഞ്ഞ പ്രദേശമായതിനാൽ അപകടത്തിൻ്റെ വ്യാപ്തി കുറഞ്ഞു.
അതേസമയം ചിത്രീകരണത്തിനുപയോഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.തീര്‍ത്ഥഹള്ളി പൊലീസ് സ്ഥലം സന്ദര്‍ശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
2022-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റ് ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്. ചിത്രത്തിന്റെ ഭാഗമായ മൂന്നുപേരാണ് ഇതിനോടകം ജീവൻ വെടിഞ്ഞത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവൻ, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം.എഫ്. കപിൽ എന്നിവരാണവർ. .