
തിരുവനന്തപുരം: സിദ്ദിഖിൻ്റെ രാജിയെ സ്വാഗതം ചെയ്ത് നടൻ അനൂപ് ചന്ദ്രൻ. ഇത്ര ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അമ്മ എന്ന സംഘനയ്ക്ക് തന്നെ അപമാനമാണെന്ന് പറഞ്ഞ അനൂപ് ചന്ദ്രൻ, ഇക്കാര്യം പറഞ്ഞ് താൻ ഇന്ന് രാവിലെ അമ്മ പ്രസിഡന്‍റ് മോഹൻലാലിന് മെയിൽ ചെയ്തിരുന്നുവെന്നും കൂട്ടിച്ചേർത്തു.
താൻ ആവശ്യപ്പെട്ടത് അദ്ദേഹം സ്വമേധയാ രാജിവെക്കുകയോ, എക്സിക്യുട്ടീവ് കമ്മിറ്റി അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് എന്നാണ് നടൻ പറഞ്ഞത്. സിദ്ദിഖിൻ്റെ രാജി വർത്തയെക്കുറിച്ച് അറിയുന്നത് ഇതിന് പിന്നാലെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു പെൺകുട്ടിയാണ് ഇക്കാര്യം പൊതുസമൂഹത്തോട് തുറന്ന് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞ അനൂപ് ചന്ദ്രൻ, മലയാളികളുടെ സംസ്ക്കാരം ആരോപണം വന്നാൽ മാറിനിൽക്കുക എന്നതാണെന്നും, അഗ്നിശുദ്ധി വരുത്തിയാൽ തിരിച്ചുവരാമെന്നും പറഞ്ഞു. സിനിമാ സെറ്റിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് അറിയാറില്ലെന്നും അനൂപ് വ്യക്‌തമാക്കി.