
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രം ‘കൂലി’യുടെ പ്രൊമോ മ്യൂസിക് വിഡിയോ റിലീസായി. അനിരുദ്ധ് സംഗീതം നിർവഹിച്ച ‘ചികിട്ട്’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. അനിരുദ്ധിന്റെ കിടിലം ഡാൻസും മ്യൂസിക് വിഡിയോയിൽ കാണാം.
വീഡിയോയുടെ കമന്റ് ബോക്സിൽ നിറയുന്നതും അനിരുദ്ധിന്റെ ഡാൻസിനുള്ള പ്രശംസയാണ്. കുറഞ്ഞ സമയമാണെങ്കിലും രജനികാന്തിന്റെ ഡാൻസും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. തമിഴ് നടനും സംവിധായകനുമായ ടി രാജേന്ദറും ഗാനത്തിലുണ്ട്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധിപ്പേരാണ് വിഡിയോ കണ്ടത്.
ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന പീരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. രജനികാന്തിന്റെ 171ാമത് സിനിമയാണിത്. ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ആഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിലെത്തും.