
പുതിയ പാട്ട് വിഡിയോ പങ്കുവച്ച് അനാർക്കലി മരിക്കാർ. മണിരത്നം സംവിധാനം ചെയ്ത ‘തഗ് ലൈഫ്’ സിനിമയിലെ ‘മുത്ത മഴൈ’ എന്ന ഗാനമാണ് അനാർക്കലി ആലപിച്ചിരിക്കുന്നത്. ‘ഈ പാട്ട് പാടുന്നതിൽ നിന്ന് എന്നെ തടയാൻ എനിക്ക് കഴിയാത്തത് കൊണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് താരം പാട്ട് പാടുന്ന വിഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ കാണാത്തതിന്റെ കാരണവും താരം വിഡിയോയിലൂടെ അറിയിച്ചു.
"എവിടെയായിരുന്നു എന്ന് എല്ലാവരും ചോദിക്കുന്നു. ഞാൻ ഇവിടെ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അല്ല മാസങ്ങളായി മടി പിടിച്ച് ഇരിക്കുകയായിരുന്നു." എന്നാണ് അനാർക്കലി വിഡിയോയ്ക്ക് താഴെ കുറിച്ചിത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ആരാധകർക്കൊപ്പം അശ്വതി ശ്രീകാന്ദ്, സ്വാസിക തുടങ്ങിയ താരങ്ങൾ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘അനാർക്കലി കൊള്ളാം’, ‘സൂപ്പർ’, ‘അടിപൊളി’, ‘ഇത്ര നാൾ എവിടെ ആയിരുന്നു’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
2016 ൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാർക്കലി മരിക്കാർ. ഗോകുൽ സുരേഷ് നായകനായെത്തിയ ‘ഗഗനചാരി’യാണ് അനാർക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. അനാർക്കലിയുടെ അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരാണ്.