
തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും. ബോളിവുഡ് ചിത്രമായ ബജ്‌രംഗി ഭായിജാനിൽ ബാലതാരമായി തിളങ്ങിയ ഹർഷാലി മൽഹോത്രയാണ് ‘അഖണ്ഡ 2: താണ്ഡവ’ത്തിലെ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജനനി എന്നാണ് ചിത്രത്തിൽ ഹർഷാലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹർഷാലിയുടെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററും ഇതോടൊപ്പം പുറത്ത് വിട്ടു.
കഴിഞ്ഞ മാസം ബാലകൃഷ്ണയുടെ ജന്മദിന ആഘോഷത്തോടനുബന്ധിച്ചു ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരുന്നു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം” മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.
‘മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും’ എന്ന കുറിപ്പോടെയാണ് ഹർഷാലിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിട്ടുള്ളത്. 2025 സെപ്റ്റംബർ 25 ന് ദസറയ്ക്ക് ചിത്രം ആഗോള റിലീസായെത്തും.
ഉഗ്ര രൂപത്തിൽ ശിവ ഭഗവാൻ്റെ പ്രതിരൂപമായി മാസ്സ് അവതാരമായാണ് ബാലകൃഷ്ണയുടെ കഥാപാത്രം ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. രചന- ബോയപതി ശ്രീനു, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.