
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് വനിതകൾ വരണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മേനോനെതിരായ കേസുമൊക്കെ വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.
"വനിത സംഘടനയുടെ തലപ്പത്ത് വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വർഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാൻ ആഗ്രഹിക്കുന്നു." -എന്നായിരുന്നു ഹണി റോസിന്‍റെ പ്രതികരണം. ശ്വേത മേനോന്‍റെ പേരിലുള്ള കേസിന്‍റെ പിറകിലെ രാഷ്ട്രീയം അറിയില്ലെന്നും വാർത്തകളിൽ നിന്നാണ് കേസിനെക്കുറിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.
അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി. എന്നാൽ വിഷയത്തിൽ ശ്വേത മേനോനെ പിന്തുണച്ച് ദേവൻ രംഗത്തെത്തിയിരുന്നു. സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയതെന്ന് ദേവൻ പറഞ്ഞു.