
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയില്‍ പ്രതിസന്ധി രൂക്ഷമായതോടെ നാടകീയമായി രാജി വച്ച് മോഹൻലാൽ. ഇന്ന് ഓൺലൈനായി യോഗം ചേർന്നത് ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും, വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിക്കുകയും ചെയ്തതോടെയാണ്.
കടുത്ത നിലപാടാണ് ജഗദീഷ് ഉള്‍പ്പടെയുള്ള നടന്‍മാര്‍ സ്വീകരിച്ചത്. മോഹന്‍ലാല്‍ പലവട്ടം ഇതിനിടയിൽ മുതിർന്ന താരങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഒരു നിർണായക തീരുമാനം ഉടനെ ഉണ്ടാകുമെന്ന് മോഹൻലാൽ യോഗത്തിന് മുന്‍പായി തന്നെ അറിയിച്ചു.
വളരെ വൈകാരികമായി ആയിരുന്നു മോഹൻലാലിൻ്റെ രാജിപ്രഖ്യാപനം. വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നതെന്ന് പറഞ്ഞ മോഹൻലാൽ, ധാർമിക ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നാണ് അറിയിച്ചത്. എതിർപ്പ് ഉന്നയിച്ച താരങ്ങൾ പോലും അദ്ദേഹത്തിൻ്റെ തീരുമാനം കേട്ട് ഇത് ഒരുമിച്ച് നേരിടാം എന്ന് പറഞ്ഞെങ്കിലും, തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു അദ്ദേഹം.
രാജിക്ക് മുൻപായി മമ്മൂട്ടിയെ വിളിച്ചിരുന്നുവെന്ന് പറഞ്ഞ മോഹൻലാൽ, ഈ തീരുമാനം എടുത്തത് അതിൻ്റെ കൂടി അടിസ്ഥാനത്തിലാണെന്നും അറിയിച്ചു. തുടർന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനങ്ങൾ ഒഴിയാൻ തീരുമാനമെടുത്തു.