കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ പ്രതികരിച്ച് ലക്ഷ്മി പ്രിയ. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ സ്വീകരിക്കുന്നതിനാണ് സംഘടനയിൽ ചർച്ചകൾ നടക്കുന്നതെന്ന് അവർ അറിയിച്ചു.(AMMA executive meeting held after Dileep's acquittal)
കോടതി വിധിയിൽ തനിക്ക് വ്യക്തിപരമായി സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. "ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അർത്ഥമില്ല എന്നും അവർ കൂട്ടിച്ചേർത്തു.
ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. വിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്തെന്നും ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ 'അമ്മ' ഓഫീസിൽ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേർന്നു. 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. തുടർന്നുള്ള നടപടികൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.
കോടതി വിധിക്ക് പിന്നാലെ 'അമ്മ' അസോസിയേഷൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. "കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും നിയമം നീതിയുടെ വഴിക്ക് പോകട്ടെ" എന്നും അവർ കുറിച്ചു. ഇതിനിടെ, ദിലീപിനെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി തുടങ്ങിയതായാണ് റിപ്പോർട്ട്.