
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നടൻ ജഗദീഷും നടി ശ്വേത മേനോനും. ഇതുവരെ അഞ്ചോളം പത്രികകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായി ലഭിച്ചുവെന്നാണ് വിവരം. നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ജയൻ ചേർത്തല വെസ് പ്രസിഡന്റ് സ്ഥാനത്തേക്കും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുമെന്നാണ് സൂചന.
നൂറിലധികം അഭിനേതാക്കൾ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എത്രപേർ മത്സര രംഗത്തുണ്ടെന്ന് വ്യക്തമായിട്ടില്ല. നാളെ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തു വരും. ആഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നായിരുന്നു മോഹൻലാലിന്‍റെ നിലപാട്. ഭാരവാഹിയായി തുടരാൻ താൽപര്യമില്ലെന്ന് ട്രഷറർ ഉണ്ണി മുകുന്ദൻ ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
പ്രസിഡന്‍റായി മോഹൻലാൽ തുടരണമെന്ന് മേയ് 31ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.