
ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ സിനിമാ യാത്ര ആരെയും പ്രചോദിപ്പിക്കുന്നതാണ്. ബച്ചന്‍റെ ആദ്യ സിനിമകളൊന്നും കാര്യമായ ചലനമുണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്‍റെ കമ്പനിയായ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എ.ബി.സി.എൽ) പാപ്പരായി. അന്ന് ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് എ.ബി.സി.എല്ലിന്‍റെ തകർച്ചയുണ്ടാക്കിയത്. ഇത് ബച്ചന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ കാലഘട്ടത്തിൽ തനിക്ക് പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു എന്ന മകനും നടനുമായ അഭിഷേക് ബച്ചന്‍റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വാർത്തയാകുന്നത്.
ഞാൻ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലമായിരുന്നു അത്. അന്ന് എനിക്ക് പഠനം നിർത്തേണ്ടി വന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എങ്ങനെ ഉണ്ടാക്കുമെന്ന് അറിയാതെ അച്ഛൻ വിഷമിക്കുമ്പോൾ എനിക്കെങ്ങനെ ബോസ്റ്റണിൽ ഇരിക്കാനാകും? അത്രയും മോശമായിരുന്നു കാര്യങ്ങൾ. അച്ഛൻ അത് പരസ്യമായി പറയുകയും ചെയ്തിരുന്നു. ടേബിളിൽ ഭക്ഷണം എത്തിക്കാൻ സ്വന്തം സ്റ്റാഫുകളോട് വരെ അദ്ദേഹം പണം കടം വാങ്ങി. ആ സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കേണ്ടത് എന്‍റെ ബാധ്യതയാണെന്ന് തോന്നി. ഞാൻ അച്ഛനെ വിളിച്ച്, ഞാൻ പഠനം നിർത്തി അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു… – അഭിഷേക് പറഞ്ഞു.