

ഇന്ത്യന്‍ സിനിമയിലെ മാസ് ഹീറോ അല്ലു അര്‍ജുന്റെ 'പുഷ്പ-2 ദി റൂള്‍' ജപ്പാനിലേക്ക്. 2026 ജനുവരി 16ന് ജാപ്പനീസ് പതിപ്പ് റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു. ചിത്രത്തിന്റെ ടീസറും പോസ്റ്ററും എക്‌സ് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയകളില്‍ അണിയറ പ്രവർത്തകർ പങ്കുവച്ചു. അല്ലു അര്‍ജുനൊപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
ജപ്പാനില്‍ ചിത്രം വിതരണം ചെയ്യുന്ന ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, എക്‌സ് ടൈംലൈനില്‍ ജാപ്പനീസ് റിലീസിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു.
രശ്മികയും തന്റെ എക്‌സ് ടൈംലൈനില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ജാപ്പനീസ് ട്രെയിലറിന്റെ ലിങ്കും പങ്കിട്ടുണ്ട് താരം.
സുകുമാര്‍ സംവിധാനം നിര്‍വഹിച്ച പുഷ്പ-2 എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമാണ്. പുഷ്പയുടെ റീലോഡ് പതിപ്പും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. അതില്‍ ചിത്രത്തിന്റെ 20 മിനിറ്റ് അധിക ഫൂട്ടേജ് ഉണ്ടായിരുന്നു. ലോകമെമ്പാടുനിന്നും 1800 കോടി രൂപയാണ് പുഷ്പ-2 നേടിയത്. ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ ചരിത്രമായി മാറുകയും ചെയ്തു അല്ലു അര്‍ജുന്‍ ചിത്രം. ഇന്ത്യന്‍ മാസ് ചിത്രങ്ങള്‍ക്ക് ജപ്പാനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.