

ഈ വർഷത്തെ ഏറ്റവും മികച്ച വേഴ്സറ്റൈൽ ആക്ടറിനുള്ള ദാദാ സാഹെബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്‌കാരം അല്ലു അർജുന്. ഒക്ടോബര്‍ 30 ന് മുംബൈയിലെ എസ് വിപി സ്റ്റേഡിയത്തില്‍ എന്‍എസ് സിഐ ഡോമിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. നടന് അഭിനന്ദനമറിയിച്ച് ഡിപിഐഎഫ്എഫ് ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പുരസ്‌കാരം ലഭിച്ചതിന് നന്ദി അറിയിച്ച് അല്ലു അര്‍ജുനും എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
2025 ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സില്‍ അല്ലു അര്‍ജന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പുഷ്പ 2- ദ് റൂള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ ബഹുമതി. ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡ്‌സിലും പുഷ്പ 2 ലെ പ്രകടനത്തിന് അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 2021 ല്‍ പുഷ്പ-ദ് റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനും അല്ലു അര്ജുന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. മികച്ച വേഴ്സറ്റൈൽ നടിക്കുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് സായ് പല്ലവിയെയാണ്
അറ്റ്ലിയുമൊത്തുള്ള ബ്രഹ്മാണ്ഡ ചിത്രമാണ് അല്ലു അർജുന്റെതായി ഇനി വരാനിരിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. AA22x A6 എന്ന വർക്കിങ് ടൈറ്റിലിലാണ് ചിത്രം ഇപ്പോൾ അറിയപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.