ബേസിൽ ജോസഫിൻ്റെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ. അല്ലു പ്രൊഡക്ഷൻ കമ്പനിയുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ട്. അടുത്ത് നാല് മാസത്തിനുള്ളിൽ ചിത്രത്തിൻ്റെ സ്ഥീരികരണം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ബേസിൽ ജോസഫ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഗീത ആർട്സാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് സൂചന. ഫെബ്രുവരി പകുതിയിൽ ബേസിലുമായി അല്ലു കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
ബേസിലിൻ്റെ ജയ ജയ ജയ ഹേ, സൂക്ഷ്മദർശിനി, പൊൻമാൻ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം മറ്റ് ഭാഷകളിൽ വലിയ ആരാധകർ ഉണ്ട്. ചിത്രങ്ങളെല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയത്.
അതേസമയം, സന്ദീപ് റെഡ്ഡി വംഗയുടെ പുതിയ ചിത്രത്തിൽ നിന്ന് അല്ലു അർജുനെ ഒഴിവാക്കിയതായാണ് റിപ്പോർട്ട്. ചിത്രം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അല്ലു അർജുനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. അല്ലുവിന് പകരം ജൂനിയർ എൻടിആർ ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
അറ്റ്ലിക്കൊപ്പമാണ് അല്ലു അർജുൻ്റെ അടുത്ത ചിത്രം. ദീപിക പദുക്കോൺ നായികയാവുന്ന ചിത്രത്തിൽ രണ്ട് നായകന്മാരുടെ കഥയുണ്ടാകുമെന്നാണ് വിവരം. അല്ലു ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തിൽ എത്തുകയെന്നും സൂചനയുണ്ട്. 2025 പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2026 ൽ റിലീസ് ചെയ്യാനാണ് തീരുമാനം.