ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്' ഉദ്‌ഘാടന ചിത്രം | All We Imagine as Light

2024ലെ കാൻ ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ഈ ചിത്രം മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്.
All We Imagine as Light
Published on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്' (പ്രഭയായ് നിനച്ചെതെല്ലാം) പ്രദർശിപ്പിക്കും.

2024ലെ കാൻ ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ഈ ചിത്രം പ്രധാനമായും മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ വൈകാരിക പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഈ സിനിമയിൽ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നീ മലയാളി താരങ്ങൾ വേഷമിടുന്നു.

മെയ് 23 ന് വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം മിനർവ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കും. കഴിഞ്ഞ ഡിസംബറിൽ നടന്ന 29ാമത് ഐ.എഫ്.എഫ്.കെയിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പായൽ കപാഡിയയ്ക്ക് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

മുപ്പത് വർഷങ്ങൾക്കു മുമ്പ്, 1994ലെ 'സ്വം' എന്ന ചിത്രത്തിനുശേഷം കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമയാണ് 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്. ഷിക്കാഗോ, സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളകളിലും ഈ സിനിമ പുരസ്‌കാരങ്ങൾ നേടിയിരുന്നു.

പ്രഭ, അനു എന്നീ നഴ്സുമാർ മുംബൈയിൽ ഒരുമിച്ചാണ് താമസിക്കുന്നത്. വിവാഹിതയായ പ്രഭ ജർമ്മനിയിലുള്ള ഭർത്താവിന്റെ സാന്നിധ്യം പ്രതീക്ഷിച്ച് കഴിയുകയാണ്. ഷിയാസ് എന്ന മുസ്ലിം യുവാവുമായി പ്രണയത്തിലാണ് അനു. ആശുപത്രിയിലെ പാചകക്കാരിയായ പാർവതി തന്റെ പാർപ്പിടം ഇടിച്ചുതകർക്കാനൊരുങ്ങുന്ന നിർമ്മാണക്കമ്പനിക്കെതിരെ പൊരുതുകയാണ്.

ഈ മൂന്നു സ്ത്രീകൾ പരസ്പരം താങ്ങും തണലുമായി നിന്ന് ജീവിതത്തെ നേരിടുന്നതിന്റെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം. 115 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.

Related Stories

No stories found.
Times Kerala
timeskerala.com