നിതേഷ് തിവാരി അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രാമായണ. രണ്ടുഭാഗമായിട്ടാണ് സിനിമ. ഒന്നാം ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിൽ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. രാമായണത്തിൽ വൻ താരനിരായാണ് ഒന്നിക്കുന്നത്. രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. നടൻ സണ്ണി ഡിയോൾ ചിത്രത്തിൽ ഹനുമാനായി അഭിനയിക്കുന്നു. സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സണ്ണി ഡിയോൾ പറയുന്നതിങ്ങനെ;
"അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് ഇഷ്ടമാണ്. കാരണം അത് രസകരമാണ്. നമ്മൾ കഥാപാത്രത്തെ കൃത്യമായി മനസിലാക്കുകയും സംവിധായകന്റെ വാക്കുകൾ കേൾക്കുകയും വേണം. ഇതുവരെ ഷൂട്ടിങ് ആരംഭിച്ചിട്ടില്ല. പക്ഷേ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരിക്കും രാമായണ. രാമായണത്തിൽ ഹനുമാന്റെ വേഷം ചെയ്യാൻ എനിക്ക് പേടിയാണ്. പരിഭ്രാന്തിയും ഭയവും എപ്പോഴും ഉണ്ടാകും, പക്ഷേ വെല്ലുവിളി എങ്ങനെ ഏറ്റെടുക്കുമെന്ന് സ്വയം കണ്ടെത്തേണ്ടതിനാൽ അതാണ് അതിന്‍റെ ഭംഗി. രാമായണം നിരവധി തവണ നിർമിച്ചിട്ടുണ്ട്. ഈ സിനിമ സ്‌ക്രീനിൽ വരുമ്പോഴും എല്ലാ അഭിനേതാക്കളും ഇതിഹാസത്തോട് നീതി പുലർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആളുകൾ സംതൃപ്തരാകും, അവർ സിനിമ ആസ്വദിക്കും." - സണ്ണി ഡിയോൾ പറഞ്ഞു.
"രൺബീർ കപൂർ നല്ല നടനായതിനാൽ രാമായണ മികച്ചതായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഏറ്റെടുക്കുന്ന ഏതൊരു പ്രോജക്റ്റിലും രൺബീർ എപ്പോഴും പൂർണ്ണമായും സമർപ്പിതനാണ്. ഈ ചിത്രം വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." - സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.