
ഇൻഡോ - പാക് സംഘര്‍ഷത്തില്‍ രാജ്യ സ്നേഹം പങ്കുവയ്ക്കുന്ന വൈകാരിക കുറിപ്പ് പങ്കുവച്ച് ആലിയ ഭട്ട്(Alia Bhatt). ഹൃദയഹാരിയായ ഈ കുറിപ്പ് ഇരുകൈയ്യു നീട്ടിയാണ് ഉപയോക്താക്കൾ ഏറ്റെടുത്തത്. "അമ്മമാരുടേത് വലിയ ത്യാഗമാണ്."- എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
"അമ്മമാരുടേത് വലിയ ത്യാഗമാണ്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്. തന്റെ കുട്ടി നേരിടുന്നത് താരാട്ടുപാട്ടുകളുടേതല്ല, മറിച്ച് അനിശ്ചിതത്വത്തിന്റെ രാത്രിയാണെന്ന് അറിയുന്ന അമ്മ.. ഞായറാഴ്ച നാം മാതൃദിനം ആഘോഷിച്ചു. പൂക്കള്‍ കൈമാറുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് ഇന്ന് രാത്രിയിലും ഇനി വരുന്ന എല്ലാ രാത്രികളിലും, സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കുറയുകയും സമാധാനത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കൂടുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനകളുമായി നില്‍ക്കുന്ന, കണ്ണീരടക്കിപ്പിടിക്കുന്ന ഓരോ രക്ഷിതാക്കള്‍ക്കും സ്നേഹം അയക്കുന്നു. കാരണം നിങ്ങളുടെ ശക്തി നിങ്ങള്‍ക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. നമ്മുടെ സംരക്ഷകര്‍ക്കായി. ഇന്ത്യക്കായി. ജയ് ഹിന്ദ്..” ആലിയ ഭട്ട് കുറിച്ചു.