തന്റെ പുതിയ ചിത്രം ‘ഹൗസ്ഫുൾ 5’ന്റെ പ്രേക്ഷക പ്രതികരണം അറിയാൻ നേരിട്ടെത്തി ബോളിവുഡ് താരം അക്ഷയ്കുമാർ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്കു മുൻപിൽ മാസ്ക് ധരിച്ച് കയ്യിലൊരു മൈക്കും പിടിച്ച് എത്തിയ അക്ഷയ്കുമാറിനു മുന്നിൽ താരത്തെ തിരിച്ചറിയാതെ പ്രേക്ഷകർ സിനിമയെക്കുറിച്ചുള്ള അവരുടെ പ്രതികരണം നേരിട്ട് അറിയിക്കുകയായിരുന്നു. ആളുകൾ തിരിച്ചറിയുന്നതിന് തൊട്ടുമുൻപ് അവിടെ നിന്നും രക്ഷപ്പെട്ടു എന്നായിരുന്നു വിഡിയോ പങ്കുവച്ച് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
"ബാന്ദ്രയിൽ ഇന്ന് ഹൗസ്ഫുൾ 5 ഷോയിൽ നിന്ന് പുറത്തിറങ്ങുന്ന ആളുകളെ കില്ലർ മാസ്ക് ധരിച്ച് അഭിമുഖം നടത്താൻ ഞാൻ തീരുമാനിച്ചു. അവസാനം പിടിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, അതിനു തൊട്ടുമുൻപ് ഓടി രക്ഷപ്പെട്ടു. രസകരമായ അനുഭവമായിരുന്നു." - അക്ഷയ്കുമാറിന്റെ വാക്കുകൾ
ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍ 5 ’ ജൂൺ ആറിനാണ് പ്രദർശനത്തിനെത്തിയത്. അക്ഷയ്കുമാറിന്റെ ചിത്രങ്ങൾ തുടർച്ചയായി ബോക്സ്ഓഫിസിൽ പരാജയപ്പെടുന്നതിന് ഇടയിൽ ആശ്വാസ വിജയം സമ്മാനിക്കുകയാണ് ഹൗസ്ഫുൾ 5. ആദ്യ ദിവസം 24.35 കോടി കലക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം കലക്ഷൻ 30 കോടിയായി ഉയർത്തി. വീക്കെൻഡ് കലക്ഷനിൽ ചിത്രം 70 കോടി കടക്കുമെന്നാണ് സൂചന.
തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരക്കുന്നത്.