

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” പുതിയ റിലീസ് തീയതി പുറത്ത്. 2025 ഡിസംബർ 12 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നേരത്തെ ഡിസംബർ അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 11 ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള പ്രദർശനം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു.
ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ചയായാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ, ഗംഭീര ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറും ടീസറുകളും നേരത്തെ പുറത്തു വന്ന ബ്ലാസ്റ്റിംഗ് റോർ വീഡിയോയും കാണിച്ചു തരുന്നത്. ചിത്രത്തിലെ ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു.
ആക്ഷൻ, ഡ്രാമ എന്നിവക്കൊപ്പം സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ കൂടി ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണെന്നു സൂചിപ്പിച്ച ചിത്രത്തിന്റെ ട്രെയ്‌ലറിന് പാൻ ഇന്ത്യ തലത്തിൽ തന്നെ വമ്പൻ വരവേൽപ്പാണ് ലഭിച്ചത്.