രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി അജിത്. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ നന്ദമുരി ബാലകൃഷ്ണ, ശേഖർ കപൂർ എന്നിവരും പത്മപുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അജിത്തിനൊപ്പം ശാലിനിയും മക്കളും ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ഡൽഹിയിൽ എത്തിയിരുന്നു.
അജിത് പത്മഭൂഷൺ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തു. ഈ ബഹുമതി തന്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം താരം പറഞ്ഞു.
രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് നേതാക്കൾ എന്നിവരും പങ്കെടുത്തിരുന്നു.
തെലുങ്ക് സിനിമയിലെ അതുല്യ സംഭാവനകൾക്കാണ് നന്ദമൂരി ബാലകൃഷ്ണയ്ക്ക് പത്മ ഭൂഷൺ ലഭിച്ചത്. പരമ്പരാഗത ആന്ധ്ര വേഷത്തിൽ എത്തിയാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.