തമിഴ് സൂപ്പർ താരം തല അജിത്തിന്റെ ഗാരിജിലേക്ക് ഒരു വാഹനം കൂടി. മെക്‌ലാരൻ സെന്നയെന്ന സ്വപ്ന വാഹനമാണ് താരം സ്വന്തമാക്കിയത്. വാഹനത്തിന്റെ ഡെലിവറി വിഡിയോ അജിത് കുമാർ റേസിങ് എന്ന സമൂഹ മാധ്യമ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ലോകത്ത് നിലവിലുള്ള മെക്‌ലാരൻ വാഹനങ്ങളിൽ അപൂർവവും വിലപിടിപ്പുള്ളതുമായ വാഹനമാണ് സെന്ന. ആഗോള തലത്തിൽ 500 സെന്ന മാത്രമാണ് മെക്‌ലാരൻ പുറത്തിറക്കുന്നത്. ഇതിൽ ഇന്ത്യൻ വില അനുസരിച്ച് 12 കോടി രൂപ വില വരുന്ന വാഹനമാണ് അജിത് വാങ്ങിയത്. വൈറ്റ്, ഓറഞ്ച് ഷെയ്ഡാണ് വാഹനത്തിനായി അജിത് തിരഞ്ഞെടുത്തത്.
കൂടാതെ, ഫെറാരി എസ് എഫ് 90 ഹൈബ്രിഡ് സൂപ്പർകാർ, പോർഷെ 911 ജി ടി 3 ആർ എസ് തുടങ്ങിയ വാഹനങ്ങളും അജിത്തിന്റെ ഗാരിജിലുണ്ട്. താരത്തെ കൂടാതെ, പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും മെക്‌ലാരൻ സെന്ന സ്വന്തമാക്കിയിട്ടുണ്ട്.
1980-1990 കളിൽ കമ്പനിക്കുവേണ്ടി ഇതിഹാസ എഫ് 1 ഡ്രൈവർ അയർട്ടൺ സെന്ന ഓടിച്ചിരുന്ന പഴയ മാൾബറോ ലിവറി മെക്‌ലാരൻ F1 കാറുകളുടെ നിറത്തിനോട് സാമ്യമുണ്ട് അജിത്തിന്റെ സെന്നയ്ക്ക്. റേസിങ്ങിനിടെ അപകടത്തിൽ മരിച്ച അയർട്ടൺ സെന്നയ്ക്കുള്ള ആദരവായിട്ടാണ് മെക്‌ലാരൻ ഈ കാർ പുറത്തിറക്കിയത്. 4.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 മോട്ടോറാണ് സെന്നയുടെ കരുത്ത്. 800 ബി എച്ച് പി പവറും 800 എൻ എം ടോർക്കും പുറത്തെടുക്കാൻ ശേഷിയുണ്ടിതിന്. ഈ സൂപ്പർ കാറിനെ കൂടുതൽ സ്പെഷ്യലാക്കുന്നത് പവർ റിയർ വീലുകളിലേക്ക് എത്തുന്നു എന്നതാണ്. 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.