ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ്’ ൻറെ സംഗീത സംവിധായകൻ രവി ബസ്രൂറിനെ ‘മാർക്കോ’യിലൂടെ മലയാളത്തിൽ അവതരിപ്പിച്ച ക്യൂബ്സ് എൻറർടെയ്ൻമെൻറ്സും ഷെരീഫ് മുഹമ്മദും വീണ്ടും എത്തുന്നു. ‘കാന്താര’യുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ്, ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ രണ്ടാമത്തെ സിനിമയായ ‘കാട്ടാളൻ’ ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. കാട്ടാളൻറെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥ് ഉണ്ടാകുമെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
‘മാർക്കോ’ ക്ക് ശേഷം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ കാട്ടാളനിൽ ആൻറണി വർഗീസ് പെപ്പെയാണ് നായകൻ. കൂടാതെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ കൂടി ജോയിൻ ചെയ്യുന്നതോടെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.
ലോകമാകെ തരംഗമായി മാറിയ ‘കാന്താര’യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന ‘കാന്താര ചാപ്റ്റർ 2’വിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.