
തെരുവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നടി ഐശ്വര്യ റായ് ബച്ചൻ(Aishwarya Rai). അതൊരിക്കലും തങ്ങളുടെ തെറ്റല്ലെന്നും തലയുയർത്തിപ്പിടിച്ച് പ്രശ്‌നത്തെ നേരിടണമെന്നും ഐശ്വര്യ സ്ത്രീകളോട് പറയുന്നു. തെരുവിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ക്യാപെയ്നിൻ്റെ ഭാഗമായാണ് നടി തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഐശ്വര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ 'തെരുവുകളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകാണോ? ഒരിക്കലും അങ്ങനെ ചെയ്യരുത്. പ്രശ്നങ്ങളെ കണ്ണു തുറന്ന് നോക്കുക. അതിനെ തല ഉയർത്തിപ്പിടിച്ച് നേരിടുക. നമ്മുടെ ശരീരം നമുക്ക് മൂല്യമുള്ളതാണ്. അതിനാൽ ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. അതുപോലെ ഒരിക്കലും സ്വയം സംശയിക്കരുത്. നമ്മുടെ മൂല്യങ്ങൾക്കായി സ്വയം നിലകൊള്ളുക. തെരുവുകളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ ഒരിക്കലും നിങ്ങളുടെ തെറ്റല്ല'.