അഹമ്മദാബാദ് വിമാനാപകടം: "ഞാൻ സുരക്ഷിതയാണ്, സഹപ്രവർത്തകർ മരണപ്പെട്ടു, നിരവധിപ്പേർ ചികിത്സയിൽ, പ്രാർഥിക്കണം"; - എലിസബത്ത് ഉദയൻ | Ahmedabad plane crash

നിരവധി മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ, ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനാകൂ, നിരവധി പേരെ കാണാതായി, അൻപതോളം പേർ മരിച്ചു
Elizabeth
Published on

അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും മുക്തമാകാതെ രാജ്യം. 242 ആളുകളുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ അഹ്മദാബാദ് – ഗ്യാറ്റ്വിക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ യാത്ര ചെയ്തതിൽ ഒരാൾ മാത്രമാണ് ഇന്നുള്ളത്. വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ മെസ്സിലുണ്ടായിരുന്ന യുവ ഡോക്ടർമാരും മരിക്കുകയൂം ചെയ്തു. ഉച്ച ഭക്ഷണ സമയത്താണ് അപകടം നടന്നത്. അപകടത്തിൽ നിരവധി യുവ ഡോക്ടർമാർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് നടൻ ബാലയുടെ മുന്‍ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം ഇടിച്ചിറങ്ങിയത്. താൻ സുരക്ഷിതയാണെന്നും എന്നാൽ തന്റെ നിരവധി സഹപ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് എലിസബത്ത് പറയുന്നത്. അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും എലിസബത്ത് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

‘‘ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകൾ, എന്റെ സഹപ്രവർത്തകർ, ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസ്സിങ് ആണ്. എംബിബിഎസ്‌ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണം.’’– എലിസബത്ത് കുറിച്ചു.

അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പിജി ചെയ്യുകയാണ് എലിസബത്ത്. ഇവിടേക്കാണ് വിമാനാപകടത്തിൽ പരിക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആശുപത്രിയിൽ അടിയന്തര മുന്നറിയിപ്പ് വരുകയായിരുന്നുവെന്നാണ് എലിസബത്ത് പറയുന്നത്. അപകടത്തിൽ പരിക്കേറ്റവരിൽ മലയാളി വിദ്യാർത്ഥികൾ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എലിസബത്ത് പറഞ്ഞു. നിരവധി മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധനയിൽ മാത്രമേ ആളുകളെ തിരിച്ചറിയാനാകൂ. . തങ്ങളുടെ കൂട്ടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ആശുപത്രിയിൽ നിന്നും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഹോസ്റ്റലിൽ ഉണ്ടായിരുന്ന അൻപതോളം പേർ മരിച്ചതായാണ് സൂചനയെന്നും എലിസബത്ത് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com