മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും വിജയിച്ച് മുന്നേറുകയാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട താര സഹോദരങ്ങളായ സൂര്യയും കാർത്തിയും സംവിധായകനായ തരുൺ മൂർത്തിയെ വീട്ടിലേക്കു വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
കുടുംബസമേതം സൂപ്പർതാരങ്ങളെ കണ്ട തരുൺ സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു. ‘തുടരും’ സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.
കോളിവുഡിലും 'തുടരും' തരംഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി കുറിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നുണ്ട്.
‘‘എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ’’.–കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി എഴുതി.