മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എന്നാൽ ഇതിൽ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകുക പ്രയാസമാണ്. എന്നാൽ ഇതിനിടെയിൽ മറ്റൊരു നടന്റെ പേര് പറയുകയാണ് സിനിമ നിരൂപക കൂടിയായ അനു ചന്ദ്ര. മോഹൻലാൽ കഴിഞ്ഞാൽ പിന്നെ മികച്ചത് മമ്മൂട്ടിയല്ല അത് ദിലീപാണെന്നാണ് അനു ചന്ദ്രയുടെ അവകാശവാദം.
താരമൂല്യമുള്ള നടന്മാർക്കിടയയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ച്ച വെക്കുന്ന ആദ്യത്തെ രണ്ട് അഭിനേതാക്കളിലൊന്ന് മോഹൻലാലാണെന്നും മറ്റൊന്ന് ദിലീപാണെന്നും അനു ചന്ദ്ര പറയുന്നു. അതുകഴിഞ്ഞേ മെഗാസ്റ്റാർ മമ്മൂട്ടി പോലും ഉള്ളുവെന്നും ഇവർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ഇതോടെ നിരവധി പേർ ഇതിനെ പ്രതികൂലിച്ച് രംഗത്ത് എത്തുന്നുണ്ട്.
അനു ചന്ദ്രയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:
മോഹൻലാൽ കഴിഞ്ഞാൽ പിന്നെ മികച്ചത് മമ്മൂട്ടിയല്ല. അത് ദിലീപാണ്- അതായത് താരമൂല്യമുള്ള നടന്മാർക്കിടയയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ച്ച വെക്കുന്ന ആദ്യത്തെ രണ്ട് അഭിനേതാക്കളിലൊന്ന് മോഹൻലാലാണ് മറ്റൊന്ന് ദിലീപും. അതുകഴിഞ്ഞേ മെഗാസ്റ്റാർ മമ്മൂട്ടി പോലുമൊള്ളൂ. ശേഷമുള്ള സുരേഷ് ഗോപിയും ജയറാമുമൊക്കെ അതിനും എത്രയോ പുറകിലാണ്. അതായത് ദിലീപ് ചെയ്യുന്ന ചില മൈന്യൂട്ട് പ്രകടനങ്ങൾ നടത്താൻ മമ്മൂട്ടിക്ക് പോലുമെളുപ്പമല്ല എന്നാണ് ഞാൻ പറഞ്ഞു വന്നത്. ഒന്നൂടെ വ്യക്തമാക്കിയാൽ, മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ മറ്റേതൊരു താരത്തിനും ചെയ്യാൻ കഴിയുന്നതാണ്. പക്ഷേ മോഹൻലാലിന്റെയോ ദിലീപിന്റെയോ കാര്യമതല്ല. രണ്ട് പേരും ചെയ്ത മിക്ക കഥാപാത്രങ്ങളും അവർക്ക് മാത്രം ചെയ്യാൻ കഴിയുന്നതായിരുന്നു. റീപ്ലെയ്സ്മെന്റ് സാധ്യമല്ലാത്തതായിരുന്നു. അത്രയേറെ മിന്യൂട്ട് പ്രകടനം നടത്തിയവയായിരുന്നു. അതിൽ തന്നെ ദിലീപ് ചെയ്ത കഥാപാത്രങ്ങൾ മലയാളത്തിൽ പോയിട്ട് അന്യഭാഷകളിൽ പോലും അത്രക്ക് പെർഫെക്ട് ആയി ചെയ്യാൻ മറ്റാരുമില്ല എന്ന് മാത്രമല്ല ഇന്നത്തെ യൂത്തന്മാർക്കിടയിൽ പോലും ദിലീപിന്റെ റേഞ്ചിൽ അഭിനയിക്കാൻ പ്രാപ്തിയുള്ള ഒരു നടൻ പോലുമില്ല എന്നതും എടുത്തു പറയണം. ആയകാലത്ത് അങ്ങേര് ചെയ്ത് വെച്ച കഥാപാത്രങ്ങളൊക്കെ അജ്ജാതി ലെവലായിരുന്നു. ആ ലെവലിൽ അഭിനയിക്കാൻ ഇന്നത്തെ ഒരുത്തനെ കൊണ്ട് പോലും കഴിയില്ല.
പേഴ്സണലി എനിക്ക് ദിലീപിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം കമ്മാരസംഭവം ആണ്. അതാണ് ദിലീപിന്റെ മാസ്റ്റർപീസ് ഐറ്റം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചതിയും വഞ്ചനയും സ്വാർത്ഥതയും കൈമുതലായ, സ്വന്തം നേട്ടത്തിനുവേണ്ടി നാടിനെ വരെ ഒറ്റിക്കൊടുത്ത കമ്മാരന് ചില സ്വഭാവവൈകല്യങ്ങളുണ്ട്. അത് ദിലീപ് വളരെയധികം സൂക്ഷ്മഭാവങ്ങളിലൂടെ അഭിനയിച്ചു കാണിച്ച കാലത്ത് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിയിട്ടുണ്ട്. പിന്നെ, ചരിത്രം എന്ന പേരിൽ നാം കേൾക്കുന്നതും പഠിക്കുന്നതും മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു കൂട്ടം നുണകളാണെന്ന് പറഞ്ഞ കമ്മാരസംഭവം വാസ്തവത്തിലൊരു underrated movie ആണ്. ഒന്നൂടെ തീയേറ്ററുകളിൽ വന്ന് കൈയ്യടി വാങ്ങേണ്ട സിനിമയാണ്. പ്രത്യേകിച്ചും ദിലീപിന്റെ അഭിനയത്തിന്റെ പേരിൽ.
എനിവേ ഒരു മികച്ച കഥാപാത്രം ദിലീപിനെ തേടി ചെന്നാൽ, ആ കഥാപാത്രം തിരഞ്ഞെടുക്കാനുള്ള ബോധം ദിലീപിന് വന്നാൽ ഉറപ്പായും അയാൾ പഴയ ആർജ്ജവത്തോടെ ഇനിയും തിരിച്ചു വരുമെന്നാണ് ഹോപ്പ്. അതായത്, നല്ല കാലത്തൊന്നു വീണു പോയി. ആ വീഴ്ച പറ്റിയില്ലായിരുന്നെങ്കിൽ ഇന്ന് ഏതോ ലെവൽ എത്തേണ്ട നടനാണ്. ഹാ സമയമല്ലേ, മാറിയും മറിഞ്ഞും വരുമായിരിക്കും. നോക്കാം ; എന്ത് സംഭവിക്കുമെന്ന്.