
ഇന്ന് മലയാളത്തിൽ ഉൾപ്പടെ ഒട്ടനവധി ആരാധകരുള്ള താരമാണ് രാജ് ബി ഷെട്ടി. നടനായും സംവിധായകനുമായി ബിഗ് സ്ക്രീനിൽ കസറുന്ന താരം ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ സിനിമകളിലൂടെയാണ് മലയാളികൾക്ക് സുപരിചിതനായി മാറിയത്. ഏറ്റവും ഒടുവിൽ ടർബോ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്കും രാജ് ബി ഷെട്ടി അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയിൽ അഭിനയിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി.
ആന്റണി വർഗീസ് നായകനായി വരുന്ന കൊണ്ടല്‍ എന്ന ചിത്രത്തിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്. നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'രാജ് ബി ഷെട്ടി എന്ന പവർഹൗസ് പ്രതിഭയുടെ ഫസ്റ്റ് ലുക്ക്', എന്നാണ് പോസ്റ്റർ പങ്കുവച്ച് ആന്റണി വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം സിനിമ ഓണത്തിന് റിലീസ് ചെയ്യുമെന്നും പെപ്പെ അറിയിച്ചിട്ടുണ്ട്. ആന്റണിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള വൻ ആക്ഷൻ രംഗങ്ങൾ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ ഇപ്പോൾ.