മൂന്ന് പതിറ്റാണ്ടിന് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. ജൂൺ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. സിനിമയുടെ ഓവർസീസ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പുലർച്ചെ നാല് മണി മുതൽ ‘തഗ് ലൈഫി’ന്റെ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
കേരളത്തിലും ഇതേസമയത്ത് ഷോ തുടങ്ങുമെന്നാണ് പ്രതീക്ഷ. വിദേശരാജ്യങ്ങളിലും ഇന്ത്യൻ സമയം നാലിന് സമാനമായ സമയത്തായിരിക്കും ഷോ ആരംഭിക്കുക. എന്നാൽ തമിഴ്നാട്ടിൽ രാവിലെ ഒൻപത് മണി മുതലാണ് പ്രദർശനം ആരംഭിക്കുക.
അതേസമയം, കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്താവന വിവാദമായതോടെ, ‘തഗ് ലൈഫി’ന്റെ റിലീസ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് നിരോധിച്ചു. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ക്ഷമാപണം നടത്തില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു.