

കാമ്പസ് പശ്ചാത്തലത്തിലൂടെ ഫുൾ ഫൺത്രില്ലർ ജോണറിൽ ഏ. ജെ. വർഗീസ് സംവിധാനം ചെയ്യുന്ന 'അടിനാശം വെള്ളപ്പൊക്കം' എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഡിസംബർ പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിനെത്തും. സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് ചിത്രം നിർമ്മിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .
ഒരു വശത്ത് കാമ്പസ് പ്രധാന പശ്ചാത്തലമാകുമ്പോൾത്തന്നെ കാമ്പസിന് പുറത്തും ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. രണ്ടു ഭാഗങ്ങളും ഒന്നിക്കുന്നിടത്തു നിന്നാണ് ചിത്രത്തിന് പ്രധാന വഴിത്തിരിവുണ്ടാകുന്നത്.
യുവതലമുറക്ക് കാതലായ സന്ദേശങ്ങൾ പകർന്നുകൊണ്ടാണ് ചിത്രം കടന്നു വരുന്നത്. കാമ്പസിന്റെ രസച്ചരടുകൾ കോർത്തിണക്കുമ്പോൾ തന്നെ അതിനെ കൊണ്ടെത്തിക്കുന്നത് ഗൗരവമായ വിഷയങ്ങളിലാണ്. അതാണ് ചിത്രത്തെ കാമ്പുള്ളതാക്കി മാറ്റുന്നതും.
ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകർഷകമാകുന്നു. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്,വിജയകൃഷ്ണൻ എം.ബി. എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സംവിധായകൻ എ.ജെ. വർഗീസിൻ്റേതാണു തിരക്കഥയും. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ.പി. തങ്കച്ചൻ്റേതാണു ഗാനങ്ങൾ.
ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ് – ലിജോ പോൾ, കലാസംവിധാനം – ശ്യാം കാർത്തികേയൻ, മേക്കപ്പ് – അമൽ കുമാർ കെ.സി, കോസ്റ്റ്യും ഡിസൈൻ - സൂര്യാ ശേഖർ, സ്റ്റിൽസ് – റിഷാദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷഹദ് സി, പ്രൊജക്റ്റ് ഡിസൈൻ – സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പൗലോസ് കുറുമുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ – മുഹമ്മദ് സനൂപ്, പിആർഒ - വാഴൂർ ജോസ്.