

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യയുടെ മുഴുവൻ ചികിത്സാ ചെലവുകളും മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ജീവകാരുണ്യ സംഘടനയുടെ ഈ നിർണായക തീരുമാനം.(Adimali landslide, Mammootty's Care and Share will bear the entire medical expenses of Sandhya)
മണ്ണിടിച്ചിലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. അടിയന്തര ശസ്ത്രക്രിയകൾ ഫലം കാണാത്തതിനെ തുടർന്നാണ് ഈ ദുരവസ്ഥയുണ്ടായത്. നിലവിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. ചികിത്സാ ചെലവ് ഏറ്റെടുത്ത വിവരം കെയർ ആൻഡ് ഷെയർ അധികൃതർ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്ലാബിനടിയിൽ കുടുങ്ങിപ്പോയ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെത്തിക്കാനായത്. കാൽമുട്ടിന് താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും, പേശികൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചതിന് പിന്നാലെയാണ് കുടുംബം കടുത്ത ദുരിതത്തിലായത്. ഈ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ വിഷയം ഏറ്റെടുത്തത്.