"ആദിലയും നൂറയും വന്നത് എൻ്റെ അറിവോടെയല്ല, സമൂഹത്തോട് ക്ഷമ ചോദിക്കുന്നു"; മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടറുടെ കുറിപ്പ് വിവാദത്തിൽ | Bigg Boss

"എൻ്റെ പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവുണ്ടായിട്ടല്ല, അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നൽകിയതിൽ സമൂഹത്തോട് ക്ഷമ ചോദിക്കുന്നു"
Faisal AK
Published on

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ മലബാറിൻ്റെ വീട് പാലുകാച്ചൽ ചടങ്ങിന് ബിഗ്‌ബോസ് താരങ്ങളും സ്വവർഗ കമിതാക്കളുമായ ആദിലയും നൂറയും പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ വന്നത് തൻ്റെ അറിവോടെയല്ലെന്ന ഫൈസൽ എകെ മലബാറിൻ്റെ വെളിപ്പെടുത്തൽ വിവാദത്തിൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഫൈസൽ നിലപാടറിയിച്ചത്.

ഗൃഹപ്രവേശന ചടങ്ങുകളിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തെന്നും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന തങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാൽ, രണ്ട് പെൺകുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത് തൻ്റെ അറിവോടെയല്ലെന്നും വിഷയത്തിൽ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫൈസൽ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

"എൻ്റെ ഗൃഹപ്രവേശന ചടങ്ങുകളിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ആഗോള തലത്തിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സൗഹൃദങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

എന്നാൽ, എൻ്റെ പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവുണ്ടായിട്ടല്ല. പൊതു സമൂഹത്തിൻ്റെ സദാചാര മൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് എൻ്റെ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു."

കുറിപ്പ് പങ്കുവച്ചതോടെ വൻ വിവാദത്തിനാണ് ഇടയാക്കിയത്. വിവാദത്തെ തുടർന്ന് കുറിപ്പ് പിൻവലിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com