ജീവനക്കാരികളുടെ ആരോപണത്തിനെതിരെ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി നടിമാരായ സ്വാസികയും വീണാ നായരും, സോന നായരും | Diya Krishna

ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെതിരെ ജീവനക്കാരികൾ നടത്തിയ പരാമർശത്തിന് മറുപടിയുമായി ദിയ കൃഷ്ണ എത്തിയിരുന്നു, ഇതിനെ പിന്തുണച്ചാണ് നടിമാർ എത്തിയത്
Diya
Published on

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട ജീവനക്കാരികളുടെ ആരോപണത്തിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് നടിമാരായ സ്വാസികയും വീണാ നായരും സോന നായരും അടക്കമുള്ളവർ. ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെതിരെ ജീവനക്കാരികൾ നടത്തിയ പരാമർശത്തിന് മറുപടിയുമായി ദിയ കൃഷ്ണ നേരത്തെ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാസികയും വീണാ നായരും സോന നായരും രം​ഗത്ത് എത്തിയത്.

‘ഓ ബൈ ഓസി’യിലെ മുൻ ജീവനക്കാരികളിൽ ഒരാൾ മാധ്യമങ്ങളോട് സംസാരിക്കവേ ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ രംഗത്തുവന്നിരുന്നു. 'ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു' എന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. 'രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ട് പാക്ക് ചെയ്തോ, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കും..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്' എന്ന് യുവതി പറയുന്ന വീഡിയോ റീലാക്കി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. 'ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. പിന്നാലെ കമന്റുമായി ദിയ എത്തുകയായിരുന്നു.

‘വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന്‍ തിന്നാറില്ല.’ എന്നാണ് ദിയ കമന്റിട്ടത്. ഇതേ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ‘അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ.. തള്ളുവണ്ടി നോക്കുവാണേല്‍ അറിയിക്കാമേ..’ എന്നും ദിയ കുറിച്ചു.

പിന്നാലെയാണ് നടിമാരായ സ്വാസികയും വീണാ നായരും സോന നായരും രം​ഗത്ത് എത്തിയത്. ‘ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് വൈറലായ റീൽ വിഡിയോയിൽ സ്വാസിക കമന്റ് ചെയ്തത്. ‘ഇവരെ ജയിലിൽ കൊണ്ടുപോകുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു. കള്ളികൾ, പക്ഷേ പൊട്ടത്തികൾ ആണ്' എന്നും സ്വാസിക കമന്റായി കുറിച്ചു. 'പോക്രിത്തരം പറയുന്നോ?' എന്ന് വീണാനായർ കുറിച്ചപ്പോൾ 'പൂട്ടണം ഈ മൂന്നെണ്ണത്തിനെയും' എന്നായിരുന്നു സോന നായരുടെ കമന്റ്

Related Stories

No stories found.
Times Kerala
timeskerala.com