
ഗ്ലാമറസ് മേക്കോവറുമായി മലയാളികളുടെ പ്രിയ നടി ടെസ ജോസഫ്. തായ്ലൻഡിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. തായ്ലൻഡിലെ ജെയിംസ് ബോണ്ട് ഐലന്റിലും ബുദ്ധ കേവിലും നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചു. സിനിമയിൽ നാടൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരത്തിന്റെ മേക്കോവറിനെ അഭിനന്ദിച്ച് പ്രേക്ഷകർ.
ഫുക്കറ്റിലെ ടൈഗർ കിങ്ഡം കടുവാ സങ്കേതത്തിൽ നിന്നുള്ള ചിത്രങ്ങളും ടെസ ജോസഫ് പങ്കുവച്ചിട്ടുണ്ട്. കടുവയുടെ ദേഹത്ത് തല വച്ച് കിടക്കുന്ന താരത്തെ ചിത്രത്തിൽ കാണാം. ഈ ഭീമൻ ‘ഫ്ലഫ്ബോളി’നൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിച്ചു എന്നാണ് ടെസ ജോസഫ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
‘പട്ടാളം’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ താരമാണ് കോട്ടയം സ്വദേശിയായ ടെസ. പട്ടാളത്തിന് ശേഷം താരം നീണ്ട ഇടവേളയെടുത്തു. ഏറെ ശ്രദ്ധ നേടിയ ‘ചക്കപ്പഴം’ എന്ന സീരിയലിലാണ് പിന്നീട് പ്രേക്ഷകർ ടെസയെ കാണുന്നത്. ചക്കപ്പഴത്തിലെ ലളിത കുഞ്ഞുണ്ണി എന്ന കഥാപാത്രം ജനകീയമാവുകയും ചെയ്തു. ഇതിനിടെ രാജമ്മ അറ്റ് യാഹു, മറുപടി, ഗോൾഡ് കോയിൻസ് എന്നീ സിനിമകളിലും താരം അഭിനയിച്ചിരുന്നു.
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തിയ ‘തലവൻ’ എന്ന ചിത്രത്തിലൂടെയാണ് ടെസ വീണ്ടും മലയാള സിനിമ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.