
നടിയും മോഡലുമായ ഷെഫാലി ജാരിവാല(42)യുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് ലോകം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂണ്‍ 27ന് വെള്ളിയാഴ്‌ച്ച രാത്രി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷെഫാലിയുടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷെഫാലിയുടെ ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുംബൈ പൊലീസ് നടിയുടെ അന്ധേരിയിലെ വസതിയില്‍ പരിശോധന നടത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഷെഫാലി മൂന്ന് ദിവസം മുമ്പ് ഇന്‍സ്‌റ്റഗ്രാമില്‍ തന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 33 ലക്ഷം ആരാധകരാണ് ഷെഫാലിക്ക് ഇന്‍സ്‌റ്റഗ്രാമിലുള്ളത്.
2002ല്‍ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന മ്യൂസിക് വീഡിയോയിലൂടൊണ് ഷെഫാലി പ്രശസ്‌തി നേടുന്നത്. സല്‍മാന്‍ ഖാനൊപ്പം 2004ല്‍ 'മുജ്‌സെ ശാദി കരോഗി'എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2019ല്‍ ബിഗ് ബോസ് 13 റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ കൂടുതല്‍ ജനശ്രദ്ധ നേടി. ഷോയില്‍ മുന്‍ കാമുകന്‍ സിദ്ധാര്‍ത്ഥ് ശുക്ലയുമായുള്ള ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. 2015ലാണ് നടന്‍ പരാഗ് ത്യാഗിയെ ഷെഫാലി വിവാഹം കഴിക്കുന്നത്.
പരാഗിനൊപ്പം നാച് ബലിയേ 5, 7 ഡാന്‍സ് റിയാലിറ്റി ഷോകളിലും ഷെഫാലി പങ്കെടുത്തിരുന്നു. കൂടാതെ 2019ല്‍ 'ബേബി കം നാ' എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു.