

മഹേഷ് ബാബു നായകനായി എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍-സാഹസിക ചിത്രത്തില്‍ തന്റെ ക്യാരക്ടര്‍ ലുക്ക് ആരാധകരുമായി പങ്കുവച്ചു ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 'മന്ദാകിനി' എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ സിനിമയിലേക്കുള്ള പ്രിയങ്കയുടെ ശക്തമായ തിരച്ചുവരവായിരിക്കും ഈ ചിത്രം.
മഞ്ഞസാരി ധരിച്ച്, പിസ്റ്റളുമായി, ജ്വലിക്കുന്ന ഭാവത്തിലാണ് പോസ്റ്ററില്‍ പ്രിയങ്ക. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കിട്ടുകൊണ്ട് നടി കുറിച്ചു, "അവള്‍ കാണുന്നതിനേക്കാള്‍ ശക്തമാണ്... മന്ദാകിനിയോട് ഹലോ പറയുക..."
ഇന്ത്യന്‍ വെള്ളിത്തിരയില്‍ വമ്പന്‍ ഹിറ്റാകുമെന്നു പ്രതീക്ഷിക്കുന്ന ചിത്രമായി ഗ്ലോബ്‌ട്രോട്ടര്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കന്‍ പര്യവേക്ഷണ സാഹസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രത്തിന്റെ ആശയം.
നേരത്തെ, മഹേഷ് ബാബുവിന്റെ അമ്പതാം ജന്മദിനത്തില്‍, താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രാജമൗലി റിലീസ് ചെയ്തിരുന്നു. ത്രിശുല്‍, നന്ദി ലോക്കറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന പരുക്കന്‍ മാല ധരിച്ച നെഞ്ചിന്റെ ക്ലോസപ്പ് ചിത്രമായിരുന്നു അത്.
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. കുംഭ- എന്ന വില്ലന്‍ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. കുംഭയെ 'പാവവും ക്രൂരനും' എന്നാണ് സംവിധായകന്‍ രാജമൗലി വിശേഷിപ്പിച്ചത്. ഹൈടെക് വീല്‍ചെയറില്‍, കറുത്ത വസ്ത്രത്തില്‍ ഇരിക്കുന്നതായിരുന്നു പൃഥ്വിരാജിന്റെ ലുക്ക്.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന്, ആയിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഗ്ലോബ്‌ട്രോട്ടറിന്റെ ഔദ്യോഗിക പേരും ട്രെയിലറും റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ പറഞ്ഞു. ജിയോ ഹോട്ട് സ്റ്റാര്‍ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും.