
ബാലതാരമായി സിനിമയിലെത്തി, പിന്നീട് നായികയായി തെന്നിന്ത്യ സിനിമാലോകം കീഴടക്കിയ അഭിനേത്രിയാണ് നടി മീന. നാൽപ്പത് വർഷമായി തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നിരവധി സിനിമകൾ നടി ചെയ്തിട്ടുണ്ട്. നായികയായി തിളങ്ങി നിന്നിരുന്ന നടിമാർ വിവാഹിതയും അമ്മയുമായാൽ പിന്നെ സിനിമാ മേഖലയിൽ വാല്യു കുറയും. നായിക വേഷങ്ങൾ ലഭിക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ മീനയുടെ കാര്യത്തിൽ മറിച്ചായിരുന്നു സംഭവിച്ചത്.
അന്നും ഇന്നും നായിക വേഷങ്ങൾ മീനയ്ക്ക് ലഭിക്കുന്നുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി മാറി. പാതി മലയാളറിയായ മീന, ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. തൊണ്ണൂറുകളിൽ ഒട്ടുമിക്ക ചെറുപ്പക്കാരുടേയും ക്രഷായിരുന്നു മീന. സൂപ്പർസ്റ്റാറുകൾക്കൊപ്പമെല്ലാം നായികയായിട്ടുള്ള താരം വിവാഹത്തിന് മുമ്പ് ഒരിക്കൽ പോലും ഗോസിപ്പുകളിൽ ഉൾപ്പെട്ടിട്ടില്ല.
2009 ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്തു. അന്ന് മുപ്പത്തിമൂന്ന് വയസായിരുന്നു പ്രായം. വിവാഹത്തോടെ കുടുംബിനിയായി ഒതുങ്ങാനൊന്നും വിദ്യസാഗർ മീനയെ അനുവദിച്ചിരുന്നില്ല. എല്ലാത്തിനും പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു. എന്നാൽ കുടുംബ ജീവിതവും സുഗമമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചതിനാൽ മീന പിന്നീട് സിനിമ ചെയ്തപ്പോൾ വളരെ സെലക്ടീവായി. വൈകാതെ ഇവർക്ക് നൈനിക എന്നൊരു മകളും പിറന്നു. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് 2022 വിദ്യാസാഗർ അസുഖം മൂലം മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു മരണ കാരണം. ജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം മീനയും കുടുംബവും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഭർത്താവിന്റെ വിയോഗം നടിയെ വല്ലാതെ ബാധിച്ചു. മകളും അമ്മയും സുഹൃത്തുക്കളും ചേർന്നാണ് തളർന്നുപോയ മീനയെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
അതേസമയം, വിദ്യാസാഗറിന്റെ മരണ വാർത്ത പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ മീനയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ പ്രചരിച്ച് തുടങ്ങി. തമിഴ് നടൻ ധനുഷുമായി ചേർത്ത് വരെ വിവാഹ വാർത്തകൾ വന്നു. പലതവണ താരം ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ നടൻ ജഗപതി ബാബു അവതാരകനായ ഷോയിൽ അതിഥിയായി എത്തിയ മീന തന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളിൽ കൃത്യമായി മറുപടി നൽകിയിരിക്കുകയാണ്.
"എന്റെ ഭർത്താവ് മരിച്ച് ഒരു ആഴ്ച കഴിഞ്ഞപ്പോൾ മുതൽ ഞാൻ രണ്ടാം വിവാഹത്തിന് തയ്യാറാവുകയാണെന്നും എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നും ഗോസിപ്പുകൾ വന്നു. എന്തിനാണ് ഇങ്ങനെയൊക്കെ എഴുതിവിടുന്നതെന്നാണ് അത്തരം ഗോസിപ്പുകൾ കേട്ടപ്പോൾ തോന്നിയത്. സിനിമാ മേഖലയിലുള്ള വിവാഹമോചിതനായ ഒരാളുമായി ഞാൻ രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്നു എന്നും വാർത്ത വന്നു. അത്തരം വാർത്തകൾ കേട്ടപ്പോൾ എനിക്ക് എല്ലാത്തിനോടും വെറുപ്പ് തോന്നിയിരുന്നു. ഇത്തരം തെറ്റായ വാർത്തകൾ എഴുതുന്നവർക്ക് കുടുംബമില്ലേയെന്നാണ് എനിക്ക് അന്ന് തോന്നിയത്. നടൻ ധനുഷും മീനയും വിവാഹിതരാകും എന്നാണ് ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്." - മീന പറഞ്ഞു.
ഒരിക്കൽ മീനയുടെ മകളും രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് എതിരെ പ്രതികരിച്ചിരുന്നു. കരിയറും മകളുമാണ് അമ്പതിനോട് അടുക്കുന്ന മീനയ്ക്ക് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടവ. മോഹൻലാൽ-പൃഥ്വിരാജ് സുകുമാരൻ സിനിമ ബ്രോ ഡാഡിയാണ് അവസാനമായി മീന അഭിനയിച്ച മലയാള സിനിമകളിൽ ഒന്ന്. പിന്നീട് അനന്തപുരം ഡയറീസിലും മീന നായികയായി. മൂക്കുത്തി അമ്മൻ 2 ആണ് മീനയുടെ അണിയറിയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.