
മലയാളത്തിൽ ആദ്യമായി വന്ന സൂപ്പർ ഹീറോയിൻ സിനിമയെ ആഘോഷിക്കുന്ന കൂട്ടത്തിൽ മറ്റൊരാളെ മറക്കരുതെന്ന് നടി മംമ്ത മോഹൻദാസ്. വെള്ളപ്പാണ്ട് എന്ന അസുഖമുള്ള കഥാപാത്രമായി അഭിനയിച്ച നടൻ അർജുൻ അശോകന്റെ ധൈര്യത്തെ അഭിനന്ദിക്കാൻ താൻ ഈ അവസരം വിനിയോഗിക്കുന്നുവെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗവുമായി പുറത്തിറങ്ങാൻ പോലും ആഗ്രഹിക്കാതെ ജീവിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ് ‘തലവര’ എന്ന സിനിമയിലെ അർജുൻ അശോകന്റെ കഥാപാത്രമെന്നും തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ ഇത്തരമൊരു വിഷയം ചർച്ചചെയ്യാൻ മുന്നോട്ട് വന്ന അഖിൽ അനിൽകുമാർ എന്ന സംവിധായകനെ അഭിനന്ദിക്കുന്നു എന്നും മംമ്‌ത മോഹൻദാസ് കുറിച്ചു.
‘‘മലയാള സിനിമയിലേക്ക് ആദ്യമായി ഒരു 'സൂപ്പർ ഹിറോയിൻ' കടന്നുവന്നതും വിജയിച്ചതും നമ്മൾ ആഘോഷിക്കുമ്പോൾ, മറ്റൊരാളിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയെക്കാളുപരി ജീവിതത്തിൽ പോരാട്ടങ്ങൾ നടത്തി ജീവിക്കുന്ന അനേകം സൂപ്പർഹീറോകളും സൂപ്പർഹിറോയിനുകളും നമുക്കിടയിലുണ്ട്. അത്തരമൊരു യഥാർഥ ഹീറോയുടെ ജീവിതം പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച ഒരു താരത്തെ അഭിനന്ദിക്കുക തന്നെവേണം.
'തലവര' എന്ന സിനിമ തിരഞ്ഞെടുത്തതിന് അർജുൻ അശോകന് നന്ദി. ഒരുപക്ഷേ സാധാരണക്കാർക്ക് വിരസമായി തോന്നാവുന്നതും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമായ ഒരു വിഷയത്തെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിൽ തന്നെ ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ലളിതമായും ആകർഷകമായും അവതരിപ്പിച്ച അഖിൽ അനിൽമാറിനും അഭിനന്ദനങ്ങൾ.
ശരീരത്തിൽ ഭാഗികമായോ പൂർണമായോ നിറം നഷ്ടപ്പെടുന്ന, ഉപരിപ്ലവമെന്ന് തോന്നാമെങ്കിലും സാധാരണ ജീവിതത്തെ താളം തെറ്റിക്കുന്ന വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമുള്ളവർക്കും, അങ്ങനെയുള്ളവരെ സ്നേഹിക്കുന്നവർക്കും ജ്യോതിഷിന്റെ അനുഭവങ്ങൾ വ്യക്തിപരമായി അനുഭവപ്പെടും. വീട്ടിലായാലും ജോലി സ്ഥലത്തായാലും സുഹൃത്തുക്കൾക്കിടയിലായാലും വ്യക്തിബന്ധങ്ങളിലായാലും സമൂഹത്തിലായാലും ഇത് ബാധിച്ച ഒരാൾക്ക് നേരിടേണ്ടിവരുന്ന മാനസികവും വൈകാരികവുമായ, പ്രത്യേകിച്ചും മനശാസ്ത്രപരമായ വെല്ലുവിളികളെ മാനസികമായി നേരിടേണ്ടത് എങ്ങനെയാണെന്ന് ഈ സിനിമ മനോഹരമായും വേദനാജനകമായും എന്നാൽ ശക്തമായും വരച്ചുകാട്ടുന്നു. നമുക്കിടയിൽ ജീവിക്കുന്ന എല്ലാ 'പാണ്ടകൾക്കും' കൂടുതൽ ശക്തി ലഭിക്കട്ടെ. നമ്മൾ ഇതിലൂടെയും ഇതിലധികവും 'കുങ്ഫു' ചെയ്ത് മുന്നോട്ട് പോകും! പോരാട്ടം തുടരുക.’’– മംമ്ത മോഹൻദാസ് കുറിച്ചു.
നിരവധി തവണ കാൻസർ രോഗത്തോട് ധീരമായി പോരാടി വിജയിച്ച താരമാണ് മംമ്‌ത മോഹൻദാസ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെങ്കിലും പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന താരത്തിന് അടുത്തിടെ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോഇമ്മ്യൂൺ രോഗവും ബാധിച്ചിരുന്നു എന്ന് മംമ്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാൻസർ ബാധിതർക്ക് പ്രചോദനമായി ജീവിക്കുന്ന മംമ്ത മോഹൻദാസ് തന്റെ ചർമ്മത്തിന്റെ നിറം നഷ്ടപ്പെടുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇതും താൻ നേരിടുമെന്നും ജീവിതത്തിൽ തോറ്റുപോകില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചിരുന്നു.