

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിയിൽ രൂക്ഷവിമർശനവുമായി നടിയും അവതാരകയുമായ ജുവൽ മേരി. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ കുറ്റവാളികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചതിനെതിരെ ഹാസ്യാത്മകമായ വിമർശനവുമായാണ് താരം രംഗത്തെത്തിയത്. ‘എന്ത് തേങ്ങയാണ് ഇത്’ എന്നായിരുന്നു ശിക്ഷ തീരെ കുറഞ്ഞുപോയെന്ന വാര്‍ത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് താരം പ്രതികരിച്ചത്.
‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’, വിധിന്യായത്തിലെ അതൃപ്തി മറച്ചുവയ്ക്കാതെ ജുവൽ മേരി മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ജുവൽ മേരി വിമർശനം ശക്തിപ്പെടുത്താനായി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫ് അലിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും പങ്കുവച്ചു. ‘‘ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തി മറ്റുള്ളവർക്ക് വിതരണം ചെയ്‌ത അതിക്രൂരവും അത്യപൂർവവുമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. അങ്ങനെയൊരു കേസിൽ ഒരു സാധാരണ ബലാത്സംഗ കുറ്റത്തിന് നൽകുന്ന 20 വർഷം എന്ന ഏറ്റവും ചെറിയ ശിക്ഷയാണ് നൽകിയിരിക്കുന്നത്. കോടതിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നതിൽ സംശയമില്ല.’’–ആസഫ് അലിയുടെ വാക്കുകള്‍.
കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞതെങ്കിലും കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണെന്ന വാദത്തെ ജുവൽ മേരി ഉൾപ്പടെയുള്ളവർ പിന്തുണയ്ക്കുകയാണ്.
പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്മി, കമൽ, പ്രേംകുമാര്‍ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.