കൊച്ചി : മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സോഷ്യൽ മീഡിയയിലൂടെയാണ് ഗ്രേസ് ആന്റണി ഇക്കാര്യം ആരാധകരെ അറിയിച്ചത്. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ.
’ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’ എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രവും താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്. മാച്ച് ബോക്സ്, ജോർജേട്ടൻസ് പൂരം, സകലകലാശാല എന്നീ ചിത്രങ്ങളിൽ ചെറിയവേഷം ചെയ്ത ഗ്രേസ് ആന്റണി ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിന്റെ ഭാര്യയായ സിമിയായാണ് ഗ്രേസ് എത്തിയത്.
മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രശസ്തനാണ് എബി ടോം സിറിയക്. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്വഹിച്ചതും ഇദ്ദേഹമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.