ചെന്നൈ: സിനിമയുടെ പ്രചാരണത്തിനായി നടത്തിയ വാർത്താ സമ്മേളനത്തിനിടെ ശരീരഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് നടി ഗൗരി കിഷൻ. ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ടമറുപടി നൽകിയാണ് ഗൗരി തന്റെ നിലപാട് വ്യക്തമാക്കിയത്.(Actress Gouri Kishan gives a scathing reply to a vlogger who body-shamed her)
യൂട്യൂബർ ശരീരഭാരത്തെക്കുറിച്ച് ചോദിച്ചതോടെ ഗൗരി ക്ഷുഭിതയായി. "നിങ്ങളുടെ ഈ ചോദ്യം വിഡ്ഢിത്തരമാണ്. നായികമാരെല്ലാം മെലിഞ്ഞിരിക്കണോ?" എന്ന് അവർ തിരിച്ച് ചോദിച്ചു. വ്ലോഗർ ചോദ്യത്തെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും, ഇത് മോശം ചോദ്യമാണെന്ന മറുപടി ഗൗരി ആവർത്തിച്ചു.
അതേസമയം, വാർത്താസമ്മേളനത്തിൽ ഗൗരിക്ക് ഒപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും സംഭവത്തോട് പ്രതികരിക്കാതെ മൗനം പാലിച്ചത് ശ്രദ്ധേയമായി. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമാണ് ഇരുവരും ശ്രമിച്ചത്.
ഗൗരിയുടെ ശക്തമായ പ്രതികരണത്തിന് അഭിനന്ദനവുമായി ഗായിക ചിന്മയി ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. പൊതുവിടങ്ങളിൽ നടിമാർ നേരിടുന്ന ശരീര അധിക്ഷേപ ശ്രമങ്ങൾക്കെതിരെ ഗൗരി നടത്തിയ പ്രതികരണം ചർച്ചയായിരിക്കുകയാണ്.