നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ്റെ നിയമോപദേശം; വിധി ദിലീപിനെ സഹായിക്കാനെന്ന് വിമർശനം | Actress assault case

തെളിവുകളുടെ അവഗണന ഇവർ ചൂണ്ടിക്കാട്ടുന്നു
Actress assault case, Prosecution's legal counsel makes serious allegations against trial court judge
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീലിന് ഒരുങ്ങുന്നു. വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശത്തിലുള്ളത്. വിധി പറയുന്നതിന് മുൻപ് തന്നെ ജഡ്ജി സംശയനിഴലിലായിരുന്നുവെന്നും അതിനാൽ ഈ വിധി നിലനിൽക്കില്ലെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.(Actress assault case, Prosecution's legal counsel makes serious allegations against trial court judge)

സ്പെഷ്യൽ പ്രോസിക്യൂട്ടർ വി. അജകുമാർ ആണ് കുറിപ്പ് സമർപ്പിച്ചത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ വിചാരണ കോടതി ജഡ്ജി തന്നെ സംശയനിഴലിലായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേസിൽ വിധി പറയാൻ ജഡ്ജിക്ക് അർഹതയില്ലെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.

ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയവും സാഹചര്യപരവുമായ തെളിവുകൾ കോടതി പരിഗണിച്ചില്ല. ദിലീപിനെ എങ്ങനെയെങ്കിലും കുറ്റവിമുക്തനാക്കണമെന്ന മുൻധാരണയോടെ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നിയമോപദേശത്തിൽ ആരോപിക്കുന്നു.

ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന കോടതി നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും അപ്പീൽ നൽകാൻ ശക്തമായ കാരണങ്ങളുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. 2017 ഫെബ്രുവരി 17-ന് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നതായിരുന്നു കേസ്.

ദിലീപിനെ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് കാട്ടി കോടതി വെറുതെവിട്ടു. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി 20 വർഷം കഠിനതടവിന് ശിക്ഷിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com