നടിയെ ആക്രമിച്ച കേസ്: വിരാമമായത് എട്ടര വർഷത്തെ വിചാരണയ്ക്ക്; അന്തിമ വിധി ഡിസംബർ 8-ന്, നടൻ ദിലീപിനെ കാത്തിരിക്കുന്നത് എന്ത് ? | Actress

261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും തെളിവായി പരിഗണിച്ചു.
Actress assault case, Eight and a half year trial ends

കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടര വർഷം നീണ്ട വിചാരണ നടപടികൾക്ക് വിരാമമാകുന്നു. കേസിൻ്റെ അന്തിമ വിധി ഡിസംബർ 8-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. വിധി പറയുന്ന ദിവസം നടൻ ദിലീപ് ഉൾപ്പെടെ എല്ലാ പ്രതികളും വിചാരണക്കോടതിയിൽ ഹാജരാകണം.(Actress assault case, Eight and a half year trial ends)

ക്വട്ടേഷൻ നൽകിയതുപ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനായി നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ്റെ കേസ്. ഒന്നാം പ്രതി എൻ.എസ്. സുനിൽ എന്ന പൾസർ സുനി അടക്കം ഒൻപത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.

വാദം ഉൾപ്പെടെയുള്ള വിചാരണ നടപടികൾ കഴിഞ്ഞ ഏപ്രിൽ 11-നാണ് പൂർത്തിയാക്കിയത്. അതിനുശേഷം 27 തവണ കേസ് മാറ്റിവെക്കുകയും പ്രോസിക്യൂഷനോടുള്ള സംശയങ്ങൾക്ക് മറുപടി ലഭിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പ്രഖ്യാപന തീയതി പ്രഖ്യാപിച്ചത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും തെളിവായി പരിഗണിച്ചു.

പ്രതികളിലൊരാളായ നടൻ ദിലീപിൻ്റെ സിനിമാ ജീവിതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഡിസംബർ എട്ടിലെ വിധി നിർണായകമാകും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന പ്രോസിക്യൂഷൻ വാദമാണ് കേസിൽ ഉയർന്നുവന്ന പ്രധാന കാര്യം. മെമ്മറി കാർഡ് പരിശോധന ഉൾപ്പെടെയുള്ള വിഷയങ്ങളും ഈ കേസിൽ വലിയ ചർച്ചയായിരുന്നു.

നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപിനെ പ്രതിചേർത്തത്. 2017 ഫെബ്രുവരി 17-നാണ് കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പൾസർ സുനിക്ക്, വിചാരണ വൈകുന്നതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചു. 2017 ജൂലൈ 10-നാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ഒക്ടോബറിൽ ഉപാധികളോടെ ജാമ്യം ലഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com